കാർപോർച്ച് ഒഴിഞ്ഞപ്പോൾ മുറ്റത്തേക്ക് നോക്കാൻ സുഖമുണ്ട്. ഏറെ സ്ഥലം ഉള്ളതു പോലെ.
പിച്ചക പൂക്കൾ ഒരുപാട് താഴെവീണു കിടക്കുന്നുണ്ട്.
ചെറുമരങ്ങളുടെ നിഴലുകൾ മണ്ണിലിളകുന്നു.
വെയിൽ മാഞ്ഞത് ഞൊടിയിടയിൽ ആണ്. ശലഭങ്ങൾ ഒക്കെ എവിടെയോ ഒളിച്ചു. കാറ്റിന്റെ ഭാവവും മാറി.
മുറ്റത്തേക്കിറങ്ങി നിന്ന കാറ്റിനെ ശരീരത്തിൽ സ്വീകരിക്കാനുള്ള ആഗ്രഹം അടക്കാനായില്ല. മുറ്റത്ത് നിന്നില്ല, മരച്ചില്ല ഏതെങ്കിലും അടർന്നു വീണാലോ?
റോഡിലൂടെ നടന്നു. ഇലകൾ വല്ലാതെ കൊഴിഞ്ഞ് കാറ്റിൽപ്പെട്ട് ശക്തിയിൽ പറന്നു വന്നു കൊണ്ടിരുന്നു.
ചെറിയ മഴയും.
വഴിയിൽ ആരും ഇല്ലാത്തത് കൊണ്ടും ഇങ്ങനെ ഒരു കാലാവസ്ഥ ആയതിനാലും ഉള്ളിൽ ഒരു വിസ്ഫോടനം. ശരീരം ഒഴുകി നടക്കുന്നതുപോലെ. ആകാശം നോക്കി അവിടെ തന്നെ കിടക്കാൻ തോന്നി.
എന്നോ കണ്ട ഒരു സ്വപ്നം അപ്പോൾ മുന്നിൽ തെളിഞ്ഞു.
സ്വപ്നങ്ങൾ മറക്കാതിരിക്കാൻ നമ്മുടെ തലച്ചോറിന് കഴിയുമോ? അറിയില്ല.
മലകൾക്ക് അരികിലുള്ള ഒരു സ്ഥലം, വിജനമാണ്. പക്ഷെ ജീവൻ തുടിക്കുന്നു. മരത്തടി കൊണ്ടുള്ള ഒരു വീട്. പലകകൾ കൃത്യമായി ഓർമ്മയിലുണ്ട്. ശാന്തനായ ഒരു പുരുഷൻ അവിടെ വരാന്തയുടെ തിണ്ണയിൽ ഇരിക്കുന്നു.
ഞാൻ ഒരു മരത്തെ കാൽവിരലിൽ ഊന്നി നിന്ന് നോക്കുന്നു. അപ്പോൾ ആ മരത്തെ മുകളിൽനിന്ന് എന്നപോലെ കാണാൻ സാധിച്ചു. ചെറിയ കാറ്റിൽ സമൃദ്ധമായുള്ള ഇലകൾ ഇളകുന്നു.
ഭംഗിയുള്ള തലമുടി ഇളകുന്നത് പോലെ.
പച്ചനിറം മടുപ്പിക്കില്ല.
ടെറസിൽ ധ്യാനിച്ചു കൊണ്ടിരുന്നപ്പോൾ മഴ പെയ്തതും അത് ആസ്വദിച്ചു കൊണ്ടിരുന്നപ്പോൾ ഇടയ്ക്കെപ്പോഴോ ഭർത്താവ് വന്ന് കുടചൂടിച്ചു തന്നതും കൂടി ഇപ്പോൾ ഓർക്കുകയാണ്- സ്നേഹത്തിന്റെ ചൂടും മഴയുടെ തണുപ്പും.
പ്രകൃതി നമ്മുടെ ഏതെല്ലാം മർമ്മങ്ങളിൽ ആണ് സ്പർശിക്കുന്നത്!!
1 comment