രണ്ടാം നിലയിലെ ജനലിലൂടെ ഉള്ള കാഴ്ചയാണ്. ഇവിടെ നിന്ന് നോക്കിയാൽ ഇടവഴി കാണാം. ഇടുങ്ങിയതെങ്കിലും ടാറിട്ട റോഡ് തന്നെ. തെരുവിളക്ക് നല്ല പ്രകാശം ഉള്ളതാണ്. വഴിയിൽ ഇലകൾ വീണു കിടക്കുന്നത് വരെ കാണാവുന്നത്ര വെളിച്ചം.
എട്ടര മണിയോടെ ഇവിടമെല്ലാം നിശബ്ദമാ വും. ടിവിയുടെ ശബ്ദം പോലും കേൾക്കാറില്ല.
ഇപ്പോൾ സമയം പതിനൊന്നര. ഇന്ന് ഉറക്കം തടസ്സപ്പെട്ടതിൽ പ്രത്യേക കാരണം ഒന്നും കണ്ടെത്താനാവുന്നില്ല. ഈ സമയത്ത് ഉണർന്നു വഴിയിലേക്ക് നോക്കി നിൽക്കുന്നതിൽ എനിക്ക് താൽപര്യം തോന്നുകയാണ്.
ഈണത്തിൽ ഉള്ള ഒരു ചൂളംവിളി.പക്ഷേ ഈ വഴിയിൽ ആരെയും കാണുന്നില്ല. സമാന്തരമായി ഒത്തിരി റോഡുകളുണ്ട്, എവിടെയോ സ്വതന്ത്രനായ ഒരാൾ.
മാവിലകൾ ഇളകുന്നു.അപ്പോൾ ചെറിയ കാറ്റുണ്ട്. ഫാൻ നിർത്തിയാൽ ഒരുപക്ഷേ താഴെ റോഡിൽ ഇലകൾ നിരങ്ങുന്ന ശബ്ദം വരെ കേട്ടേക്കും.
ഇപ്പോൾ വല്ലാത്ത ഒരു അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നു. ഉറക്കം വന്നില്ലെങ്കിൽ ഇനി അത് ഭയമായി മാറും എന്ന തോന്നൽ നിയന്ത്രിക്കാനാവുന്നില്ല. മഴ പെയ്യണം. രാത്രിയെ തണുപ്പിക്കുന്നതോടൊപ്പം പ്രഭാതത്തെ തിളക്കമേറിയതുമാക്കുമത്.
മൂടിക്കെട്ടിയ പ്രഭാതത്തെ തീരെ ഇഷ്ടമല്ലാത്തവരെയും അത് നോക്കിയിരിക്കാൻ ആഗ്രഹമുള്ളവരെയും എനിക്ക് പരിചയമുണ്ട്.
എന്തെങ്കിലും പാചകം ചെയ്യാം. നെയ്യിൽ കുഴച്ച ചപ്പാത്തിയും മല്ലിയില ഇട്ട പരിപ്പുകറിയും. പാൽ നന്നായി വറ്റിച്ച് ഇളം ചൂടോടെ ഉറ ഒഴിച്ച തൈര് കലത്തിലുണ്ട്.പുളിച്ചിട്ടുണ്ടാവില്ല. അതിൽ അൽപം പഞ്ചസാര ചേർത്ത് കഴിക്കാം.
ഈ സമയത്ത് കുക്കറിന്റെ ശബ്ദം.. നാളെ ആരൊക്കെ ചോദിക്കുമാവോ.
മുൻവശത്തെ ചാരുപടിയിൽ ഇരുന്നു കഴിക്കാം. ആകാശം കാണാം. കിഴക്കു വശത്തു വെള്ളിടി വെട്ടിയാൽ അതും.
രാത്രിയുടെ ഭംഗി. നിശബ്ദയായി നിശ്ചലയായി രാത്രി. അത് പോലെ തന്നെ ഞാനും. ഇരുവരും ലയിച്ച് ഒന്നാവുകയാണോ?
ആ നോട്ടം ഇപ്പോൾ ഓർമ വന്നതെന്തു കൊണ്ടാണ്?അറിയില്ല. രണ്ടു ദിവസത്തെ ആ യാത്രയിലെ മറ്റു കാര്യങ്ങളൊന്നും ഓർത്തെടുക്കാനാവുന്നില്ല. ആ ട്രെയിൻ യാത്ര പോലും എത്ര നേരമുണ്ടായിരുന്നെന്നറിയില്ല. ആ മുപ്പതു നിമിഷങ്ങൾ ഇന്നിതാ പത്തു പതിനഞ്ചു വർഷങ്ങൾക്കിടയിലൂടെ സഞ്ചരിച്ച് മുന്നിൽ വന്നു നില്ക്കുന്നു.
രാത്രി. സീറ്റ് കിട്ടാതെ എല്ലാവരും മുകളിലത്തെ ബെർത്തിന്റെ കമ്പിയിൽ തൂങ്ങിപിടിച്ചൊക്കെ നില്കുകയാണ്. അങ്ങനെ നിന്നുറങ്ങുന്നു. ഞാനുമതെ. പെട്ടെന്ന് ഉണർന്നു പോയി. കമ്പാർട്ട്മെന്റിന്റെ ജനലിലൂടെ അകത്ത് വീഴുന്ന ചന്ദ്ര വെളിച്ചം, അത്രയും പ്രകാശമേ ഉള്ളൂ.
എന്റെ തൊട്ടുമുന്നിൽ അയാൾ നിൽക്കുകയാണ്. ഒരുപാട് കാലം പഴക്കമുള്ള നോട്ടം. പരിചിതമായ മുഖത്തെ കണ്ണുകളിൽ സ്നേഹവും വാത്സല്യവും ഊറിക്കൂടിയിരുന്നു. അത് തികച്ചും അപരിചിതം. ആ ചിന്ത തരംഗങ്ങൾ ആയിരിക്കും ഒരുപക്ഷേ എന്നെ ഉണർത്തിയത്. എന്റെ അങ്കലാപ്പ് മനസ്സിലാക്കി അയാൾ നോട്ടം പിൻവലിച്ചു.
കൂട്ടുകാരെല്ലാം നിന്നും ചാരിയും ഉറങ്ങുകയാണ്. ഞാനും കണ്ണടച്ച് നിന്നു. മറ്റൊരു കണ്ണിലെ പ്രകാശം ഒരുപാട് നേരം എന്നിൽ വീണത് കൊണ്ടാവണം, അധികനേരം അങ്ങനെ തുടരാൻ സാധിച്ചില്ല. വേറെ എങ്ങോട്ടും തിരിയാതെ ഞാൻ നേരെ പുറത്തേക്ക് നോക്കി.
കഷ്ടിച്ച് ഇരിക്കാൻ ഒരിടം ഒഴിവായിട്ടുണ്ട്. ജനലിനരികിൽ ആണ്. ധൃതിയിൽ ദൃഷ്ടിയിൽ നിന്നും നീങ്ങി പോകുന്ന കരിമ്പനകളും ചെറുതും വലുതുമായ മരങ്ങളും. ജലാശയങ്ങളിൽ പൗർണ്ണമി . തണുത്ത കാറ്റ്.
ഒരോർമ. മധുരമുള്ളത്. അത്ര തന്നെ.
ഇനി ഉറക്കം വരുമെന്ന് തോന്നുന്നു-ആ കരുതൽ സൃഷ്‌ടിച്ച ഇളം ചൂടിൽ, കണ്ണിൽ തെളിച്ച പുഞ്ചിരിയിൽ.