വിവാഹശേഷം ഉടനെ എടുത്ത ഞങ്ങളുടെ ഫോട്ടോ- കറുപ്പിലും വെളുപ്പിലും ഉള്ളത്- തറവാട്ടിലെ ചുവരലമാരിയിൽ കണ്ടു കൗതുകം തോന്നി എന്നെ കാണാൻ ഇമ ഇന്നിവിടെ വന്നിരുന്നു. ആ ചിത്രവുമായി വിദൂര ഛായ പോലും ഇല്ലാത്ത ഒരാൾ എന്ന വസ്തുത അവളെ എങ്ങനെ ബാധിച്ചിരിക്കും?
മച്ചുള്ള നടുമുറിയിലെ ജനലും വാതിലും അടച്ചിട്ടു ഞാൻ കിടന്നു.
പ്രായമേറുന്തോറും നഷ്ടപ്പെടുന്നത് എന്തൊക്കെയാണ്? മനസ്സിനെ പൂർണമായും സ്വതന്ത്രമാക്കാൻ കുട്ടിക്കാലം കണ്ടെത്തിയ ഇടങ്ങൾ? എപ്പോൾ വേണമെങ്കിലും മടങ്ങി ചെല്ലാവുന്ന അച്ഛനമ്മമാർ ആകുന്ന സാന്നിധ്യങ്ങൾ? വേനൽക്കാലത്ത് അമ്മ വർഷംതോറും ഉണ്ടാക്കി തന്നിരുന്ന മാങ്ങത്തിരിയുടെ സ്വാദ്? പച്ച പാവക്കയുടെ സുഖകരമായ മണം നിറഞ്ഞു നിന്നിരുന്ന അടുക്കള? തൈരിൽ മുക്കി ഉണക്കിയ മുളകിൻ കൊണ്ടാട്ട കുപ്പികൾ നിറഞ്ഞ ചുവരലമാരികൾ?
മുറിക്കകത്ത് നിന്ന് പുറത്തെ കാറ്റിലേക്ക് ഇറങ്ങി ചെല്ലാതെ ഇനി വയ്യ.
തേക്കു മരത്തിന്റെ പൂക്കൾ ചെറിയ കാറ്റിൽ കൊഴിഞ്ഞു വീഴുന്നത് പിടിച്ചു കൊണ്ട് ഒരു ചെറിയ കുട്ടി മുറ്റത്തു ഓടിക്കളിക്കുന്നത് ജനലിലൂടെ കാണാം. എനിക്കും ആ മരത്തിന്റെ കീഴിൽ പോയി നിൽക്കണം. കനം കുറഞ്ഞ ആ പൂക്കൾ തലയിലും ദേഹത്തും വീഴുന്നത് കണ്ണടച്ചു നിന്ന് ശ്രദ്ധിക്കണം. വർഷങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ഗന്ധങ്ങളും രുചികളും അപ്പോൾ പുറത്തു വന്നേക്കാം.
ജീവിതത്തിൽ ഒന്നും നഷ്ടപ്പെടുന്നില്ല.എല്ലാം ഓരോരോ പ്രായത്തിന്റെ, കാലഘട്ടത്തിന്റേതു മാത്രമായ സമ്പത്താണ്. അത് അടുത്ത ഘട്ടത്തിലേക്ക് പകരാനാവില്ല. നിങ്ങൾ അത് കൈമാറിയാലും അതവിടെ മുഴച്ചിരിക്കും-ചിത്രം വികലമാകും.
പൂക്കൾ വിടരുന്നു, കൊഴിയുന്നു.എന്നാൽ ആ സുഗന്ധം എന്നും നിങ്ങളുടേത് മാത്രമാണ്.
കാലം നിങ്ങൾക്കായതു കരുതി വയ്ക്കുന്നു.
3 comments