മരം വെട്ടിയിട്ട് കുറച്ച് ആഴ്ചകളായി.തടിയിൽ കൂണുകൾ മുളച്ചിട്ടുണ്ട്. വശത്ത് കൃഷ്ണകിരീടചെടി പൂത്തു നിൽക്കുന്നു. അത് പറിച്ചു കളയരുത് എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ജോലി സ്ഥലത്തേക്ക് മടങ്ങി പോകുമ്പോൾ അവിടെ കൊണ്ടുപോയി നടണം. എനിക്ക് വേണമെന്നുള്ള ചെടി മറ്റൊരെണ്ണം ആണ്. പടർന്നു പന്തലിക്കുന്ന ഒരു കാട്ടുചെടി. പൂക്കൾ ധാരാളമായി ഉണ്ടാവും. കുട്ടിക്കാലത്തോട് അത്ര അടുത്തു നിൽക്കുന്ന മറ്റൊന്ന് ഇപ്പോൾ ആലോചിച്ച് എടുക്കാൻ കഴിയുന്നില്ല.
പുതിയ ഗന്ധങ്ങൾ ഒന്നും ഓർമ്മയിൽ നിൽക്കുന്നതായി തോന്നുന്നില്ല.
പഴയ ഇടങ്ങളില്‍ പഴയ ഗന്ധങ്ങൾ ഇപ്പോഴും ഉണ്ടാകുമോ? ഒരുപക്ഷേ രാത്രികളിൽ ഇപ്പോഴും ആ പൂക്കൾ അവിടെ വിരിയുന്നുണ്ടാകും. രാത്രികൾ ഇപ്പോഴും മറ്റൊരു നഗരത്തിന്റേതാണ് .
മടങ്ങേണ്ട ഗ്രാമങ്ങൾ എവിടെ?
ജനലുകൾ തുറന്നിട്ട് ഉറങ്ങിയിട്ട് ഒരുപാട് വർഷങ്ങളായി.നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം ജനലിലൂടെ നോക്കിയാൽ കാണാൻ സാധിക്കണം. ആ പൂക്കളുടെ മണവും. അങ്ങനെ ഒരു രാത്രിക്ക് വേണ്ടി പുറപ്പെടാം. പക്ഷേ രാത്രി തങ്ങാൻ ഒരിടം?
നീല ഇനാമൽ ഉള്ള അതേ കമ്മലിട്ട് ചേടത്തി വാതിൽ തുറന്നേക്കും. അവിടെ തങ്ങാൻ ആകുമോ? അങ്ങനെയെങ്കിൽ അമ്പഴങ്ങ മരത്തിന്റെ കാര്യം ചോദിക്കണം. അലക്ക് കല്ലിന്റെ അരികിൽ അങ്ങനെ ഒരു മരം വാസ്തവത്തിൽ ഉണ്ടായിരുന്നോ എന്ന്. പാഠപുസ്തകത്തിൽ അമ്പഴങ്ങ മരത്തിൽ കൂടുവെച്ചു മുട്ടയിട്ട പക്ഷിയുടെ കവിത ഉണ്ടായിരുന്നു. യാഥാർത്ഥ്യവും സങ്കല്പവും വേർതിരിക്കാനാവാത്ത വിധം കൂടിക്കുഴഞ്ഞു പോയി.
പുളി ഉണ്ടായി തുടങ്ങുന്ന സമയത്താണ് ഞാൻ പോകേണ്ടത്. അച്ചിങ്ങ പുളികൾ പെറുക്കി ഭരണികളിൽ ഉപ്പിട്ട് സൂക്ഷിക്കാൻ ഉള്ളതാണ്. എന്റെ കുട്ടികൾക്ക് എനിക്ക് ചെറുപ്പത്തിൽ കിട്ടിയിരുന്നത് എന്തെങ്കിലും കൊടുക്കണം. അവർക്കതു നഷ്ടപ്പെട്ടു കൂടാ.
കുട്ടിക്കാലത്ത് കണ്ട് വിശാലമായ റോഡ് തീരെ വീതി കുറഞ്ഞതായി തോന്നി. റോഡ് അതുതന്നെ,എന്നാൽ ഞാൻ വളർന്നു.
രാത്രിക്ക് വേണ്ടി കാക്കണമോ? ഇപ്പോൾ മടങ്ങിയാൽ ഒരു പക്ഷേ ചില പാത്രങ്ങൾ ഉടയാതിരിക്കും.
1 comment