വഴിയിൽ വൃദ്ധദമ്പതികളെ കൂടാതെ പള്ളിയിലേക്ക് പോകുന്ന പ്രായമായ സ്ത്രീകളും ഉണ്ട്. അഞ്ചരയുടെ കുർബാനയ്ക്ക് പോകുന്നവർ.അവർ ചുറ്റുപാടും ശ്രദ്ധിക്കാറില്ല. ശിരോവസ്ത്രം ചേർത്തുപിടിച്ച് അങ്ങനെ നടന്നു പോകും.
പ്രഭാതസവാരിക്കിറങ്ങിയവരെ തൊട്ടു തൊട്ട് തെരുവുനായ. ട്രെയിൻ കൃത്യസമയത്ത് എത്തുന്നത് കൊണ്ട് സ്ഥിരം കാണുന്നവരാണ്. നായയുടെ സ്നേഹം അവർക്ക് ഇഷ്ടമാണ്.കമ്പിളി ഉറയിട്ട കൈകൊണ്ട് ഇടയ്ക്കൊക്കെ ഓമനിക്കുന്നത് കാണാമെങ്കിലും കട്ടിക്കണ്ണടയ്ക്കിടയിലൂടെയുള്ള നോട്ടത്തിൽ പരിചയഭാവം തീരെയില്ല.
റെയിൽവേ സ്റ്റേഷൻ റോഡ് ആയതുകൊണ്ട് എപ്പോഴും ആളുണ്ടാവും, യാത്രക്കാരെ കാത്തിരിക്കുന്ന ഹോട്ടലുകളും ചെറിയ ചായക്കടകളും.
സ്റ്റേഷനിൽനിന്ന് അരമണിക്കൂർനടപ്പേയുള്ളൂ യൂണിവേഴ്സിറ്റിയിലേക്ക്. ക്ലാസുകൾ 7: 30ന് ആരംഭിക്കും. വാച്ചിലേക്ക് നോക്കാതെതന്നെ സമയം അറിയാം.
തെരുവ് വിളക്കിന് കീഴിൽ ഷൂ ലൈസ് കെട്ടിക്കൊണ്ടുനിന്ന ചെറുപ്പക്കാരനെ ശ്രദ്ധിച്ചില്ല. അയാൾ അഭിവാദ്യം ചെയ്തിട്ടും ആളെ മനസ്സിലായില്ല. ഇന്നലെ കോൺഫറൻസ് ഹാളിൽ ഉണ്ടായ ഡിബേറ്റിനെ പറ്റി പറഞ്ഞപ്പോഴാണ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി ആണെന്ന് മനസ്സിലായത്. മനസ്സിലായില്ലെന്നു അയാൾക്ക് ധാരണ വന്നതുമില്ല. എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു. ഒരു ബന്ധവുമില്ലാത്ത വിഷയങ്ങളിലൂടെ കയറിയിറങ്ങി.
” ഒമ്പതാം മാസമോ? അപ്പോൾ ആരു നോക്കും”
” ഞാൻ നോക്കും “
” വേറെ ആരുമില്ലേ? “
“ബീബി യുടെ ബന്ധുക്കൾ ആരും വരാറില്ല. എന്റെ ആളുകൾ ഒന്നും ഇവിടെ ഇല്ല -ഈ ഭൂമിയിലേ ഇല്ല”
“ശ്രദ്ധിക്കണം”
“യൂണിവേഴ്സിറ്റിയുടെ അടുത്തുതന്നെ വീട് എടുത്തിരിക്കുന്നത് അതുകൊണ്ടാണ്”
മൊബൈൽ ഫോൺ ബെല്ലടിച്ചപ്പോൾ അയൻ പെട്ടെന്ന് പോയി.
യൂണിവേഴ്സിറ്റിയുടെ ചുറ്റുമതിലിന് മുന്നിൽ തന്നെയുള്ള ആ മരത്തിൽ വലിയ ചുവന്ന പൂക്കൾ.
എന്തോ സംഭവിക്കാൻ പോകുന്നു. മനസ്സിലെ വിങ്ങൽ എങ്ങനെ വ്യാഖ്യാനിക്കും? നല്ലതോ ചീത്തയോ. ഇന്നലെ രാവിലെ നടക്കുമ്പോൾ വഴിയരികിലെ കടയുടമ ഷട്ടർ ഉയർത്തിയപ്പോൾ എട്ടോ പത്തോ കുരുവികൾ പുറത്തേക്ക് ഒരുമിച്ച് പറന്നുപൊങ്ങിയതും, കുട്ടിയായിരുന്നപ്പോൾ രാത്രി വീടിനുള്ളിൽ എങ്ങനെയോ കയറിപ്പോയ കുരുവി ഫാനിൽ തട്ടി ചോരയൊലിച്ചു താഴെ വീണതും അന്ന് രാത്രി വൈദ്യുതി ഇല്ലാതെ വിറങ്ങലിച്ച ഇരുട്ടിൽ അതിനെപ്പറ്റി തന്നെ ഓർത്തു കിടന്നതും – ഈ കാഴ്ചകൾ മാറി കണ്ടുകൊണ്ടേയിരുന്നു.
യൂണിവേഴ്സിറ്റിയിൽ എല്ലാവരും രാവിലത്തെ പ്രാർത്ഥന ഒരുമിച്ചു ചെയ്യുന്ന പതിവുണ്ട് അതിനോടനുബന്ധിച്ച് ഏതെങ്കിലും സമകാലിക വിഷയത്തെ കുറിച്ച് ഒരു പ്രസംഗം.എന്നും അതിനായി താൽപര്യത്തോടെ കാത്തിരിക്കാറാണ് പതിവ് . ഇന്നെന്തോ അതിലൊന്നും ശ്രദ്ധ നിൽക്കുന്നില്ല.
ഒരു വല്ലാത്ത അവസ്ഥ തന്നെ. ഇത് അങ്ങോട്ട് കഴിഞ്ഞു പോകട്ടെ എന്ന് ആഗ്രഹിക്കാനുള്ള ധൈര്യവും വരുന്നില്ല ഭയപ്പെടുത്തുന്ന എന്തോ ആണ് നെഞ്ചിനുള്ളിലൊരു തണുപ്പ് ഒപ്പം സംഭവിക്കണമെന്ന് ആഗ്രഹം ഉള്ളതും. ഒളിക്കുന്നത് എന്തിന് അത് അയൻ ആണ് അയാളുടെ വിരലുകളിൽ പിടിക്കാനും ചേർന്ന് നടക്കാനും തോന്നുന്നു ഒരു കുഞ്ഞിന്റെ അച്ഛൻ ആകാൻ പോകുന്ന അയൻ. ശരി തന്നെ, പ്രണയിക്കാനുള്ള പ്രായം രണ്ടുപേർക്കും കഴിഞ്ഞിട്ടില്ല.മറുപാതിയെ കണ്ടെത്തുന്നതാണ് ആ പ്രായം എങ്കിലും ഇത് നടക്കരുത് നടക്കാൻ പാടില്ല മുറിവുകൾ ഉണങ്ങും അടയാളങ്ങൾ ബാക്കി നിൽക്കും.
അയന്റെ കണ്ണുകൾ ഇങ്ങോട്ട് തുറന്നിരിക്കുന്നത് മനസ്സിലാകുന്നു. അതിലെ തീക്ഷ്ണത കാണണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും ആ നിമിഷത്തെ തരണം ചെയ്യാനാവുമോ എന്നുള്ള സംശയം കൊണ്ട് നോക്കിയില്ല. രണ്ടു പേരുടേതു മാത്രമല്ല ലോകം.
ചിന്തകളുടെ മേലുള്ള പിടുത്തം അയച്ചു വിട്ടു. അതിന് ആരോടും കണക്ക് ബോധിപ്പിക്കേണ്ട. ആരും തെറ്റുകൾ അക്കമിട്ട് പറയില്ല. പുറംതിരിഞ്ഞ് കുറ്റപ്പെടുത്തില്ല
മൂന്നു ദിവസത്തിനപ്പുറം കടന്നില്ല.
അയൻ എവിടെയോ മറിഞ്ഞിരിക്കുകയാണ്. രാവിലെ സ്റ്റേഷനിൽ നിന്നുള്ള നടത്തം പതുക്കെ ആക്കി. ഒരുപാട് സമയം റോഡിൽ ചിലവഴിച്ചു. വൈകുന്നേരം യൂണിവേഴ്സിറ്റിയുടെ നടപ്പാതയിലും. ഇലകൾ അധികമില്ലാത്ത ഉയരമുള്ള ആ കൂർത്ത മരത്തിന് അടുത്തുള്ള ബെഞ്ചിലും.അതിന്റെ തുഞ്ചത്തെ ഇരട്ടവാലൻ പക്ഷി എന്നും ഒരേ കാഴ്ച ആണെങ്കിലും കാത്തിരിപ്പിന്റെ പ്രതീക്ഷ ആ ചിത്രത്തിന്റെ ആൾതിരുകളെ വ്യക്തമാക്കി. ഇനിയും വർഷങ്ങൾക്കു ശേഷവും ആ ചിത്രം തെളിമയോടെ മനസ്സിൽ നിൽക്കും എന്ന് തോന്നുന്നു.
പ്രാർത്ഥനയ്ക്കിടയിൽ ആരോ കാലിൽ ചുറ്റി പിടിച്ചിരിക്കുന്നതായി തോന്നി. കണ്ണു തുറന്നപ്പോൾ അയൻ. കണ്ണുകളിൽ ദീനഭാവം. ഹാളിൽ വേറെ ആരുമില്ല.
വെളുപ്പിന് കണ്ട സ്വപ്നം ആയതിനാൽ ദിവസം മുഴുവൻ തലച്ചോറിൽ മറ്റൊന്നും കടന്നില്ല. സ്വന്തം നിയന്ത്രണം നഷ്ടപ്പെടുന്നതിനു മുൻപ് എന്തെങ്കിലും ചെയ്യണം.
വിലാസം യൂണിവേഴ്സിറ്റി ഓഫീസ് രേഖകളിൽ നിന്നും പകർത്തിയെടുത്തു. അക്കങ്ങൾ ഇപ്പോൾ വേണ്ട എന്ന് മനസ്സു ശക്തമായി പറഞ്ഞു. അതുകൊണ്ട് ഫോൺനമ്പർ വാങ്ങിയില്ല.
രണ്ടാമത്തെ നിലയിലാണ്. വാതിൽ തുറന്നത് അയൻ തന്നെയാണ്. മുഷിഞ്ഞ വേഷം.മുടിയൊക്കെ ചിതറിക്കിടക്കുന്നു.എന്നാൽ മുഖത്ത് ആശ്ചര്യഭാവം നിമിഷ നേരത്തേക്ക് പോലും വന്നില്ല. ഒന്നും മിണ്ടാതെ അകത്തേക്ക് പോയി.ക്ഷണിക്കപ്പെടണമെന്നു തോന്നിയില്ല.സാന്നിധ്യം ആവശ്യമെന്നു തോന്നി.
മുറികൾ വിസ്താരമേറിയതാണ്. പ്രായമായ കുറച്ച് സ്ത്രീകൾ ഒരു മൂലയ്ക്ക് ഇരുന്ന് കട്ടൻ ചായ കുടിക്കുന്നു. മറ്റാരെയും കണ്ടില്ല. ഒരു കപ്പ് പകർന്നു നീക്കിവച്ചത് കണ്ട് അവരുടെ അടുത്ത് ഇരുന്നു. അപരിചിതത്വം ഇല്ല രണ്ടുകൂട്ടർക്കും.
“ പെൺകുഞ്ഞായിരുന്നു “
“തുടുത്ത വട്ടമുഖം ഉള്ള വെളുത്തകുട്ടി”
“ആരെയും കാണിച്ചില്ലെന്ന്, ആശുപത്രിക്കാർ തന്നെ മറവ് ചെയ്തിരിക്കും”
അയൻ അങ്ങോട്ട് വന്നപ്പോൾ എല്ലാം പെട്ടെന്ന് നിന്നു. ചായ കപ്പുമായി എല്ലാവരും അടുത്ത മുറിയിലേക്കക്കും അടുക്കളയിലേക്കും മുറ്റത്തേക്കുമൊക്കെ പോയി.
അയൻ മുഖം കഴുകി വസ്ത്രം മാറ്റിയിരിക്കുന്നു.കണ്ണുകളിൽ തകർച്ച വ്യക്തമായി കാണാം.” “അയൽക്കാരാണ്”
എത്തിച്ചേരാൻ വൈകിയതോർത്ത് ഒരു നിലവിളി മനസ്സിൽ പിടഞ്ഞു.ആദ്യത്തെ ബന്ധുവിന്റെ വരവ് നാലാംനാൾ?
“ ബീബി എവിടെ? “
ജനലിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുകയാണ്. മുഖം കാണുന്നില്ല. അയൻ മുറിയിൽ നിന്ന് പുറത്തു പോകണം എന്നും മുറിയിൽ ഞങ്ങൾ രണ്ടുപേർ മാത്രം ശേഷിക്കണമെന്നും ആ നിമിഷം ശക്തിയായി ആഗ്രഹിച്ചു. വെളുത്ത കുഞ്ഞുടുപ്പുകളും മറ്റു തുണികളും അടുക്കി വെച്ചിരുന്ന ഒരു കൂട കസേരയിൽ ഇരുന്നിരുന്നു. നെഞ്ചിലെ വേദന ഒരിടത്ത് മാത്രം വല്ലാതെ കൂടി. തല തണുക്കുന്നു. തലകറങ്ങുന്നതിന് മുൻപ് ഇതുപോലെയാണ് തോന്നുക. മുറി വിട്ട് പുറത്തിറങ്ങി. കുളിമുറി എവിടെയാണ്?
കുളിമുറിയിലെ കണ്ണാടി സ്റ്റാൻഡിൽ സാഹിത്യ മാസിക ഏറ്റവും പുതിയ ലക്കം. അതിനു താഴെ പത്രത്താളുകൾ, ലേഖനങ്ങൾ.
മുറിയിൽ വീണ്ടും പ്രവേശിച്ചപ്പോൾ ബീബി അതേ ഇരിപ്പ്. അയൻ മുറിയിൽ ഇല്ല. കസേരയും ഒഴിഞ്ഞ ഇരിക്കുന്നു.
ജനലിലൂടെ ഉള്ള കാഴ്ച ഒരു മരം മാത്രമായിരുന്നു. ഇലകൾ ഒരുപാടുണ്ട്. കാറ്റും ഉണ്ട്. ബീബിയുടെ തലമുടി തഴുകുമ്പോൾ ഒരു കൽപ്രതിമയെ തൊടുന്നത് പോലെ.
പെട്ടെന്ന് മരത്തിനു മുകളിൽ നിന്ന് ഒരു അണ്ണാൻ കുഞ്ഞു താഴേക്ക് വീണു. വളരെ ചെറുത്. പടികൾ ഓടിയിറങ്ങി മുറ്റത്ത് എത്തുമ്പോഴേക്കും ഒരു കാക്ക താഴ്ന്നു പറന്ന് അതിന് റാഞ്ചിയെടുത്ത് കൊണ്ടുപോയി.
കിതപ്പോടെ രണ്ടാം നിലയിലെ ജനലിലേക്ക് നോക്കി.
ബീബി ബോധരഹിതയായി തറയിൽ വീണു കിടക്കുകയായിരുന്നു. ചുണ്ടുകൾ എന്തോ പിറുപിറുക്കുന്നു.
“ അയൻ, നിങ്ങൾ ബീബിയുടെ ഉമ്മയെ കൂട്ടിക്കൊണ്ടു വരാനുള്ള ഏർപ്പാടുകൾ ചെയ്യൂ. മറ്റാർക്കും അവരെ സഹായിക്കാൻ ആവുമെന്ന് തോന്നുന്നില്ല.”
തിരിച്ചു വീട്ടിലേക്ക് മടങ്ങുമ്പോൾ മോഹങ്ങളുടെ വേലിയേറ്റത്തെയും ഇറക്കത്തെപ്പറ്റിയും ഞാൻ ചിന്തിച്ചു. സാഹചര്യം എങ്ങനെ എന്നെ സ്വതന്ത്രയാക്കി എന്ന കാര്യം എന്നെ ചിരിപ്പിക്കുക കൂടി ചെയ്തു.