” കോഴിക്കുഞ്ഞിനെ മടിയിൽ വച്ച് ഓമനിച്ചു കൊണ്ടിരിക്കുന്ന ഒരു ഭർത്താവിനൊപ്പം അവൾ എങ്ങനെ കഴിയും”
” അവൾക്ക് ബുദ്ധിയുണ്ട്”
” അതുകൊണ്ട്? ഓ, അത് ശരി”
“അയാൾ അമ്മയുടെ ഒറ്റ മകനാണ്. എങ്ങനെ ആ സ്ത്രീ മരുമകളെ സ്വീകരിക്കും?”
” അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പരിശീലനം അവൾക്ക് കൊടുത്തിട്ടുണ്ട്.”
” ആര്? “
” അവളുടെ ബുദ്ധിമതിയായ അമ്മ”
ഈ സംഭാഷണം നടക്കുമ്പോൾ അവൾ ഇഷ്ടമില്ലാത്ത ഭക്ഷണം കഴിച്ച് ഇഷ്ടമില്ലാത്ത സംഗീതം കേട്ട് പുഞ്ചിരിക്കുന്ന മുഖവുമായി ഇരിക്കുകയായിരുന്നു.
ആഴ്ചയിൽ ഒരു ദിവസം പറമ്പിലെ അറ്റത്തുള്ള ചായ്പ്പിൽ കയറി അവൾ ഉറക്കെ അലറും. അങ്ങനെയുള്ള ഒരു ദിവസം അവിടെ നിന്ന് പുറത്തിറങ്ങിയപ്പോൾ ശക്തമായി മഴ പെയ്തു.മഴപെയ്തു കഴിഞ്ഞപ്പോൾ നനഞ്ഞ ചിറകുകൾ വിടർത്തി പറക്കാൻ തയ്യാറെടുത്തു നിൽക്കുന്ന ഒരു പക്ഷിയുടെ പുറത്തേറി അവൾ ദൂരേക്ക് പറന്നു പോയി.
ആകാശം വിശാലമാണ് അതുപോലെ ഭൂമിയും. നിങ്ങൾക്ക് ചെയ്യാൻ ഇവിടെ ഒരുപാട് കാര്യങ്ങളുണ്ട്