.മമ്മാ,
ഇന്ന് ബസ്സിൽ മുൻ സീറ്റാണു കിട്ടിയത്- മൂന്നു പേർക്ക് ഇരിക്കാവുന്ന സീറ്റ്. രണ്ടു പെൺകുട്ടികളാണ് എന്റെ അടുത്ത് ഇരുന്നിരുന്നത്.ഒരുപോലത്തെ ഉടുപ്പ്, ഒരേ പോലെ മുടി കെട്ടിയിരിക്കുന്നു. റെയിൽവേ ഗേറ്റ് ആയപ്പോൾ രണ്ടുപേരും ചാടിയെഴുന്നേറ്റ് ശബ്ദമുണ്ടാക്കിക്കൊണ്ട് ധൃതിയിൽ ഇറങ്ങിപ്പോയി. അപ്പോൾ അടുത്തിരുന്ന ആളെന്നോട് പറഞ്ഞു, ഇത്രനേരവും ഇരുവരും ഉറക്കെ പാട്ടുപാടി കൊണ്ടിരിക്കുകയായിരുന്നെന്ന് .
അവർ പാടിക്കൊണ്ടിരുന്ന പാട്ട് ഏതാണെന്ന് ആലോചിച്ചു കൊണ്ടിരുന്നപ്പോൾ പണ്ട് ആഴ്ചയിലൊരു ദിവസം ഞങ്ങൾ മൂന്നു പേരെയും വീട്ടിൽ പൂട്ടിയിട്ട് മമ്മ സാധനങ്ങൾ വാങ്ങാൻ പോയിരുന്നത് ഓർമ്മ വന്നു. അന്നാണ് ഞങ്ങൾ ഏറ്റവും കൂടുതൽ വഴക്കടിക്കാറ്.
ഒരു ദിവസം മമ്മ വാങ്ങിക്കൊണ്ടുവന്ന മത്തങ്ങ ഞങ്ങളറിഞ്ഞു കളിച്ചു ഒടുവിലത് പൊട്ടിച്ചിതറി പോയി. കഴിഞ്ഞ വർഷം കണ്ടപ്പോൾ മെറിൻ അമ്മയുടെ മുഖത്ത് അന്ന് കണ്ട വിഷമത്തെപ്പറ്റി പറഞ്ഞു.