മമ്മാ
ഞാനും ലൂയിയും തെരുവിലൂടെ നടക്കുമ്പോൾ പീടികയുടെ മുന്നിലെ വെളിച്ചത്തിൽ ഒരു വൃദ്ധനെ കണ്ടു. വിദേശിയെന്നു തീർച്ച. ചിരിക്കുന്ന പോലത്തെ മുഖം ഒരുവേള അയാളുടെ മുഖത്തിന് ആകൃതി അതുപ്രകാരം ആയിരിക്കാനും മതി. അയാൾ ഞങ്ങളെ മുറിയിലേക്ക് ക്ഷണിച്ചു ഒന്ന് അമ്പരന്നെങ്കിലും ഞങ്ങൾ തടികൊണ്ടുള്ള പടികൾ കയറാൻ തുടങ്ങിയിരുന്നു ഒരു മുറിയെ ഉണ്ടായിരുന്നുള്ളൂ. അതുതന്നെ പൂജാമുറി ആയും ഭക്ഷണമുറി ആയും കിടപ്പറ ആയും, മുറിയുടെ ഓരോ മൂലയും ഓരോ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു. സന്യാസിമാരുടെയും ദേവതകളുടെയും ചില ചിത്രങ്ങൾ മുറിയുടെ ചുവരുകൾ മുക്കാലും അപഹരിച്ചിരിക്കുന്നു, മുറിയിൽ വിചിത്രം എങ്കിലും രസമുള്ള ഒരു മന്ത്രം സംഗീത രൂപത്തിൽ മൃദുവായി മുഴങ്ങിക്കൊണ്ടിരുന്നു, ഒരു ദേവാലയത്തിന് അകത്തു കയറുന്നത് പോലെ തോന്നി എനിക്ക്.
അദ്ദേഹം രണ്ട് മൺപാത്രങ്ങളിൽ ആയി ഒരു പാനീയം പകർന്നു. പറയത്തക്ക രുചി ഒന്നുമില്ല. എങ്കിലും കുടിക്കുമ്പോൾ ഒരു തണുപ്പ്.
ഇറങ്ങുമ്പോൾ വിറയ്ക്കുന്ന ആ കൈകളിൽ ഞാൻ അമർത്തി പിടിച്ചു. അദ്ദേഹം കൈ എന്റെ ശിരസ്സിൽ വച്ച് എന്തൊക്കെയോ മന്ത്രിച്ചു. ലൂയി പണമെടുക്കാൻ തുനിഞ്ഞു, പിന്നെ വേണ്ടെന്നു വച്ചു. ഞാൻ അപ്പോൾ വാങ്ങിയ കൈയുറകൾ അവിടെ ഉപേക്ഷിച്ചു.