ലോല പറഞ്ഞുകൊണ്ടേയിരുന്നു, അവൾ കണ്ട സ്വപ്നത്തെ പറ്റി. പേടിച്ച് മരവിച്ചു കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പറ്റാത്ത പോലെ ആയെന്നാണ് പറഞ്ഞത്. രാത്രി – പൂർണ്ണചന്ദ്രൻ – കുന്നിന്മുകൾ – വേദനയും ഭയവും ജനിപ്പിക്കുന്ന ഒരു സംഗീതം.അത് എന്താണെന്നറിയാൻ ജനാല തുറന്ന് കുന്നിൻ മുകളിലേക്ക് നോക്കുമ്പോൾ ഒരു കൊച്ചു പെൺകുട്ടിയുടെ രൂപം അടുത്തുതന്നെ നിൽക്കുന്ന ഒരു സ്ത്രീ – അമ്മയുടെ- രൂപത്തിനുള്ളിലേക്കു പ്രവേശിക്കുന്നതാണ് കണ്ടത്.
ഈ രണ്ടു വാചകങ്ങൾ പറഞ്ഞു അവൾ എന്തോ ചിന്തയിൽ ലയിച്ച് ഇരിക്കുകയാണ്.
പെട്ടെന്നുണർന്നിട്ട്
“ചായ വേണം”
പച്ചമുളക് അവൾ തന്നെ പറിച്ചു കൊണ്ടുവന്നു. കട്ടൻ ചായയിൽ അത് മുറിച്ചിട്ട് ഒന്നും മിണ്ടാതെ കുടിച്ചുകൊണ്ടിരുന്നു.
“ആ പെൺകുട്ടി അമ്മയുടെ ഗർഭപാത്രത്തിൽ തന്നെ അഭയം തേടിയതായിട്ടാണ് എനിക്ക് തോന്നിയത്.അല്ലെങ്കിൽ അമ്മ അവളെ തിരിച്ചു വിളിക്കുന്നതാകാം-അവൾ ആണ്കുഞ്ഞിനെക്കാൾ നിറം കുറഞ്ഞവളെന്നുകരുതി. എന്തൊരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്”. അവസാനത്തെ കവിൾ ചായ ഇറക്കിക്കൊണ്ട് ലോല പറഞ്ഞു. ഉടനെത്തന്നെ പോവുകയും ചെയ്തു.
നിങ്ങളുടെ പെൺകുഞ്ഞുങ്ങൾ വിടർന്നു പൂക്കളാകട്ടെ. സൂര്യപ്രകാശവും ഇളംകാറ്റും അനുഭവിക്കാൻ അവർ ഭൂമിയിലേക്ക് വരട്ടെ. തടയരുത്.
ഒളിയിടങ്ങൾ ഇനി വേണ്ട. ശലഭങ്ങളായി പറന്നു പൊങ്ങൂ.കുറുക്കൻമാർക്ക് നിങ്ങളെ തൊടാൻ ആകില്ല.